2026 ജൂലൈ 29, ബുധനാഴ്‌ച

ഇവിടവും നമ്മൾ കടന്നു പോകും

കരയരുത് പ്രീയസഖി എഴുന്നേറ്റിരിക്കുക ഇവിടവും നമ്മൾ കടന്നു പോകും          നിന്നിൽ പടർന്നൊരാ വിഷരേണുവൊക്കെവേ ഒടുവിൽ പിണങ്ങി പിരിഞ്ഞു പോകും  പൂക്കൾ ചിരിക്കും സുഗന്ധം പരത്തും മന്ദാനിലൻ മന്ദമൊഴുകിയെത്തും ഓണവസന്തങ്ങൾ വീണ്ടുമെത്തും ഒരുമിച്ചിരുന്നു നാമോണമുണ്ണും              ആനന്ദ രാവുകൾ പുല്കി നില്ക്കും    ആകാശ താരകൾ നോക്കി നിൽക്കും തളരരുത് പ്രീയസഖി കരയാതിരിക്കുക ഇവിടവും നമ്മൾ കടന്നു പോകും..

ഓർക്കുന്നു ഞാൻ സഖി നീ തിന്ന നോവുകൾ കണ്ണീർക്കയത്തിൽ നീ മുങ്ങിയ നാളുകൾ നീയുറങ്ങുമ്പോഴുണർന്നിരിക്കാം          നിന്റെയീ നോവുകൾ ഞാനെടുക്കാം.. സങ്കടക്കടലാഴസീമയിൽ നിന്നു ഞാൻ മിഴിനീര് കൊണ്ടൊരു  കവിത തീർക്കാം  അതു കേട്ടുറങ്ങുകെന്നോമനേ  ശാന്തമായ് എൻമടിത്തട്ടിൽ ഇനി നീ മയങ്ങുക..

പോകുവാനിനിയുമുണ്ടേറെ ദൂരം സഖി കഠിനമീ ജീവിതപ്പാത താണ്ടാൻ കയ്പ്പുനീരെത്ര കുടിച്ചു ചിരിച്ചു നാം ഇത്തിരി ശാന്തി തൻ മധുരം നുകരുവാൻ              ശാന്തി തൻ തീരമണയുന്ന നാൾ വരെ ഒരുമിച്ചു കൈ കോർത്തു പോകാംനമുക്കിനി  എഴുന്നേൽക്കു പ്രീയ സഖി കൂടെയുണ്ടാകണം ഒടുവിലെൻ പ്രാണൻ പിരിഞ്ഞു പോകുംവരെ അതുവരെ നിന്നിൽ ഞാൻതണലായിനിന്നിടും ശേഷമെന്നോർമ്മകൾ കുളിരായ് ത്തഴുകിടും 

എഴുന്നേൽക്കു പ്രീയ സഖി കരയാതിരിക്കുക ഇവിടവും നമ്മൾ കടന്നു പോകും        ഇവിടവും നമ്മൾ കടന്നു പോകും...

പ്രദീപൻ തൂലിക                                    22.07.2026