2013, ജൂലൈ 23, ചൊവ്വാഴ്ച

ഈ പ്രണയ തീരത്ത്‌

കണ്ടു ഞാനിന്നലെ പ്രിയസഖീ നിന്നെയീ 
യൗവനം മങ്ങുന്ന മുഖവുമായ്‌ 
ഏറെ നേരം എന്റെ മിഴികളില്‍ നോക്കി നീ 
മൗനമായ്‌ തേങ്ങി കരഞ്ഞതെന്തേ 
ഒരു പകല്‍കനവു പോല്‍ എങ്ങോ മറഞ്ഞ നിന്‍ 
പ്രണയാംബുജത്തില്‍ മധു നിറഞ്ഞോ 

ജീവിത സായാഹ്ന തീരത്തിരുന്ന്‌ ഞാന്‍ 
വെറുതെ പഠിയ്‌ക്കുന്നു ജീവിതം പിന്നേയും 
 എത്ര പഠിച്ചു ഞാന്‍ എന്നിട്ടുമെന്റെയീ 
ജീവിതം വീണ്ടും സമസ്യയായ്‌ നില്‍ക്കുന്നു. 
മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്‌ 
അഗ്നിയായ്‌ ശുദ്ധീകരിയ്‌ക്കുന്നു ജീവിതം 

എന്റെയീ കൗമാര സ്വപ്‌ന തീരങ്ങളില്‍ 
പ്രണയ ബീജം വിതച്ചെങ്ങോ മറഞ്ഞവള്‍ 
ആരും തൊടാതെന്റെ ഹൃത്തിന്‍ ചിമിഴിലായ്‌ 
കത്തിച്ചുവച്ചൊരെന്‍ പ്രണയദീപത്തെ നീ 
ഊതിയണച്ചു തിരിച്ചു നടക്കവേ 
ഈ പ്രണയ തീരത്ത്‌ വീണ്ടും ഞാനേകനായ്‌ 

ശബ്‌ദം പിഴച്ചൊരെന്‍ സ്വരരാഗ വീണയില്‍ 
മുറിവേറ്റ വാക്കുകള്‍ കവിതയായ്‌ വിരിയവേ
 ഒരു പകല്‍ക്കനവിന്റെ നഷ്‌ടമായ്‌ നില്‌ക്കവേ 
ഹൃത്തിന്‍ ചിരാതില്‍ കരിന്തിരി കത്തവേ 
മെല്ലെ പറഞ്ഞു നീ കനവാണ്‌ പ്രണയം 
കനവില്‍ പിറന്നൊരു കുമിള മാത്രം 

കണ്ടു ഞാനിന്നലെ പ്രിയസഖീ നിന്നെയീ 
കനവുകള്‍ മറയുന്ന മിഴിയുമായ്‌ 
എന്ത്‌  നിന്‍ ഹൃത്തിലായെന്‍ പ്രണയമിപ്പൊഴും 
പൂജാ മലരായി നില്‌പുവെന്നോ 
എന്ത്‌  നിന്നോര്‍മ്മയില്‍ മലരായി വിടരുവാന്‍ 
എന്നോര്‍മ്മ ഇപ്പൊഴും ബാക്കിയെന്നോ 

പ്രണയം വെറുമൊരു കനവായിരിയ്‌ക്കാം 
കനവില്‍ പിറന്നൊരു കുമിളയാവാം 
ഒരു പകല്‍കനവിന്റെ നഷ്‌ടമാവാം
 വെറുതെ കരയുവാന്‍ വേണ്ടിയാവാം 
എങ്കിലും ഓര്‍ക്കണം പ്രിയസഖീ ഓര്‍ക്കുവാന്‍ 
വേറെന്ത്‌ നമ്മളില്‍ ബാക്കി നില്‌പ്പൂ 

യൗവ്വനം വറ്റുന്ന മിഴികളില്‍ തിമിരമായ്‌ 
കാഴ്‌ചകള്‍ മങ്ങി തുടങ്ങുന്നുവെങ്കിലും 
കാണ്മൂ ഞാനെന്നകക്കാമ്പിലായ്‌ നിന്‍ മുഖം 
 ആരും തൊടാത്തൊരു പൂജാ മലരു പോല്‍.

 സായന്തനത്തില്‍ ഞാനിനിയെന്തു ചൊല്ലണം 
നിറവായി നിറയുമെന്‍ നന്ദി മാത്രം 
എന്നിലൊരു ഭ്രമമായി കനവായി നിന്നൊരീ 
പ്രണയനാളത്തിന്റെ ഓര്‍മ്മ മാത്രം 
ഓര്‍ക്കുവാനിന്നിനി എന്തു വേണം സഖീ 
നിറവായി നിറയു നിന്നോര്‍മ്മ മാത്രം 
എന്നില്‍............. നിറവായി നിറയു നിന്നോര്‍മ്മ മാത്രം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ