2009, മാർച്ച് 15, ഞായറാഴ്‌ച

യാത്രാമൊഴി

അമ്മേ കരയായ്‌ക
ഈറനണിഞ്ഞൊരീ കണ്‍മുനത്തുമ്പു കൊണ്ടെന്നുടെ
 വ്രണിതമാം ഹൃദയത്തെ വീണ്ടും മുറിക്കായ്‌ക
ശുഷ്‌കിച്ചൊരീ കൊച്ചു കൈകള്‍ കൊണ്ടെന്നുടെ
മാര്‍ഗ്ഗം തടയായ്‌ക, കെട്ടിമുറുക്കായ്‌ക

അമ്മേ കരയായ്‌ക
 മുറിവേറ്റു നീറിപ്പിടയുന്നൊരെന്‍ ഹൃത്തിലിത്തിരി
തണ്ണീര്‍ പകര്‍ന്നു നീയേകുക
അമ്മേയെന്‍ മൂര്‍ദ്ധാവില്‍ മുഖമൊന്നമര്‍ത്തുക
 ഒരു കൊച്ചു തെന്നലായെന്നില്‍ പടരുക
പോകുമ്പോഴമ്മേ എടുക്കുന്നിതു മാത്രം
എന്‍ തത്ത വാണൊരീ ശൂന്യഗൃഹം മാത്രം
ചിറകടിച്ചെങ്ങോ പറന്നു പോയാകിലും
ഇതു മാത്രമെങ്കിലും കൂട്ടായിരിക്കട്ടെ

അഴികള്‍ തകര്‍ന്നൊരീ കൂടിന്റെ വാതില്‍ ഞാന്‍
 ഭദ്രമായിന്നിനി ചേര്‍ത്തടച്ചീടട്ടെ
അതിലായെരിയട്ടെ എന്റെ ദുഃഖങ്ങളും
 മിഥ്യയായ്‌ തീര്‍ന്നൊരെന്‍ വ്രണിത സ്വപന്‌ങ്ങളും
എന്‍ തത്ത തന്‍ കൂര്‍ത്ത ചുണ്ടാല്‍ തകര്‍ന്നൊരീ
കൂടിനഴികളില്‍ ചോര കിനിയുന്നു
ചോര രുചിച്ചോരു ചെഞ്ചുണ്ടുമായവള്‍
കണ്‍കളില്‍ തീയുമായെങ്ങോ പറന്നുപോയ്‌

 സ്‌നേഹമന്ത്രാക്ഷരം മൂളിയോരെന്നുടെ
ഒറ്റ ലോഹക്കമ്പി വീണ തകര്‍ന്നതും
തന്ത്രി തകര്‍ന്നൊരാ വീണ തന്‍ ഗദ്‌ഗദം
ഒരു കൊച്ചുകവിതയായ്‌ കാറ്റിലലിഞ്ഞതും
 ഒരു ശവകുടീരത്തിലാവീണ വച്ചു ഞാന്‍
 അന്ത്യയാത്രാമൊഴി ചൊല്ലിക്കരഞ്ഞതും
ഒന്നുമറിഞ്ഞില്ലറിയാന്‍ ശ്രമിച്ചില്ല
അമ്മേ കരയുവാന്‍ കണ്ണീരുമില്ലിനി

 അമ്മേ നിന്‍ മാറിലായൊട്ടിക്കിടന്നു ഞാന്‍
ഒരു വട്ടം കൂടൊന്നു പൊട്ടിക്കരയട്ടെ
നിന്റെയീഉച്ഛ്വാസ വായുതന്‍ ചൂടിനാല്‍
എന്റെ ദുഃഖങ്ങള്‍ ഉരുകിയൊലിക്കട്ടെ
അമ്മേ കരയായ്‌ക എന്നെ തടയായ്‌ക
ശുഷ്‌കിച്ചൊരി കൊച്ചു കൈകള്‍ കൊണ്ടെന്നുടെ
മാര്‍ഗ്ഗം തടയായ്‌ക എന്നെ മുറുക്കായ്‌ക
എന്റെ മൂര്‍ദ്ധാവിലായൊരു കൊച്ചു ചുംബനം
 തന്നു നീയെന്നെ പറഞ്ഞയച്ചീടുക
അമ്മേ കരയായ്‌ക പോകട്ടെ ഞാനിനി.

ചാത്തന്നൂര്‍
16---08-1988


3 അഭിപ്രായങ്ങൾ: