2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ഇനി നീ ഉറങ്ങുക

ഇനി നീയുറങ്ങുകെന്നമ്മേ ശാന്തമായ്‌
എന്‍ മടിത്തട്ടില്‍ ഇനി നീ മയങ്ങുക
ഏറെ കരഞ്ഞു തളര്‍ന്നതല്ലേ
ഏറെ നീയോടിക്കുഴഞ്ഞതല്ലേ
എരിയുകയാണ്‌ മനസ്സകമെങ്കിലും
പാടാം നിനക്കായ്‌ ഞാന്‍ താരാട്ടുപാട്ടുകള്‍
അതുകേട്ടുറങ്ങുകെന്നമ്മേ ശാന്തമായ്‌
എന്‍ മടിത്തട്ടില്‍ ഇനി നീ മയങ്ങുക
പത്തുമാസം ചുമന്നമ്മേ നടന്നു നീ
വേദന തിന്നു ജനിപ്പിച്ചു പിന്നെ നീ
ആ നിജപുത്രര്‍ നിന്‍ കണ്ണുനീരൂറ്റി
കുടിച്ചു മദിച്ചു ചിരിച്ചു നിന്നപ്പോഴും
കാലിതൊഴുത്തിലെ മാലിന്യജന്മമായ്‌
നിന്നെയുപേക്ഷിച്ചു പോകുന്ന നേരവും
എന്‍ മക്കളാശു നടക്കുന്ന നേരവും
തന്മതികെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാര്‍ന്നു രക്ഷിക്കെന്ന്‌ പ്രാര്‍ത്ഥിച്ച്‌
കണ്ണീര്‍ ചുരന്നതും കൈ കൂപ്പി നിന്നതും
ഓര്‍ക്കുന്നു ഞാനമ്മേ കരയാതുറങ്ങുക
അമ്മേ നിന്നുറ്റവന്‍ വിങ്ങിക്കരയുന്നു
പാതിയില്‍ വിട്ടുപോയ്‌ സങ്കടക്കടലായി
ഒഴുകുമീകണ്ണീര്‍ തുടയ്‌ക്കുവാനുരുകുമീ-
ഹൃദയത്തിലിത്തിരി തണ്ണീര്‍ പകരുവാന്‍
ഈ മുടിയിഴകളില്‍ വിരലൊന്നു പായിക്കാന്‍
ഞാനെത്തിയമ്മേ കരയാതുറങ്ങുക
മക്കളേ ...ശാപജന്മങ്ങളേ ഓര്‍ക്കുക
നിങ്ങള്‍ തന്നുണ്മയാണീയമ്മയീശ്വരന്‍
നട്ടുച്ച നേരത്ത്‌ തണലായി നിന്നവള്‍
വാനില്‍ പറക്കുവാന്‍ ചിറകായി വന്നവള്‍
ഓരോ ചുവടിലും കൂടെ നടന്നവള്‍
ഓരോ മുറിവിലും കുളിരായിമാറിയോള്‍
ഉണ്ണാതെ നിങ്ങളെ ഊട്ടിചിരിച്ചവള്‍
നിങ്ങളുറങ്ങുമ്പോള്‍ കാവലായ്‌ നിന്നവള്‍
നിങ്ങളില്‍ ശക്തിയായ്‌ നിറവായി മാറിയോള്‍
നിങ്ങളാം പാപജന്മങ്ങളെ പോറ്റിയോള്‍
മക്കളേ ...ശാപജന്മങ്ങളേ ഓര്‍ക്കുക
നന്മയാണുണ്മയാണീയമ്മയീശ്വരന്‍
അകലെനിന്നണയുന്നു തവ പുത്രശാപങ്ങള്‍
കഴുകനായ്‌ പക്ഷം വിരിച്ചു വരുന്നവര്‍
നിന്‍മുലയുണ്ടുള്ളുറച്ചൊരാ ചുണ്ടിലായ്‌
നിന്‍ ഹൃദയരക്ത കണങ്ങള്‍ തെറിയ്‌ക്കുന്നു
അമ്മേ വരം തരിക ......
അമ്മേ വരം തരിക ഊറട്ടെ നിന്‍ മുലയില്‍
എന്‍ ജീവരക്തം നിന്നുയിരിന്റെ ശക്തി
അത്‌ പാനം ചെയ്‌തു ഞാനുയരട്ടെയമ്മേ
ഇല്ല കൊടുക്കില്ലവര്‍ക്കിനി നിന്നെ ഞാന്‍
ഹേ കഴുകാ .......
ഹേ കഴുകാ നില്‍ക്കുക ശക്തന്‍ ഞാനലറുന്നു
അമ്മ തന്‍ ഉയിരിന്റെ ശക്തിിയിലുറയുന്നു
നിന്‍ പക്ഷം ചലിക്കുന്നൊരുഗ്രമാമൊച്ചയില്‍
എന്നമ്മ ഞെട്ടുന്നു പോകാനൊരുങ്ങുക
ശാന്തമായ്‌ എന്‍മടിത്തട്ടില്‍ മയങ്ങുമെന്‍
അമ്മയെ ഇനി നീയുണര്‍ത്തിയെന്നാല്‍
ഈ മുലഞെട്ടു കടിച്ചു പറിച്ചുഞാന്‍
നിന്‍ മുഖത്തഗ്നിയായ്‌ ഊതിയൊടുക്കും.
മക്കളില്ലെങ്കില്‍ ഹാ ഇല്ലെന്നതേയുള്ളൂ
ശാപജന്മങ്ങള്‍ പിറക്കാതിരിയ്‌ക്കട്ടെ...

ചാത്തന്നൂര്‍
18---02-1989