2012, ജൂലൈ 27, വെള്ളിയാഴ്‌ച

ശബ്‌ദമില്ലാത്തവന്‍

ഞാന്‍.......................
ശബ്‌ദമില്ലാത്തവന്‍
പിറവിയില്‍തന്നെ ശബ്‌ദസംഗീതം പിഴച്ചവന്‍
കണ്‌ഠത്തില്‍ വാക്ക്‌ കുരുങ്ങിപ്പിടയുവോന്‍
പരിഹാസ ശരമാരിയേറ്റ്‌ കുഴഞ്ഞവന്‍
ഞാന്‍....................... ശബ്‌ദം പിഴച്ചവന്‍

സൃഷ്‌ടി കര്‍മ്മത്തിലീശ്വരന്‍ വിട്ടുപോയ്‌
ശബ്‌ദവീണക്കമ്പി കെട്ടിമുറുക്കുവാന്‍
വേദന.............
വാക്ക്‌ വിങ്ങിതെറിയ്‌ക്കുന്ന വേദന
കരളുരുക്കും കരുത്തിന്റെ വേദന
ശബ്‌ദമില്ലാത്തവന്‍...........................
നോവുമാത്മാവിന്റെ
നേരറിവ്‌ പാടിക്കരയാന്‍ കൊതിച്ചവന്‍
പ്രമഹംസം പരിഹസിച്ചപ്പോഴും
സ്‌നേഹഹാരം വലിച്ചെറിഞ്ഞപ്പോഴും
പൊട്ടിയ തന്ത്രിയില്‍ ശ്രുതി മീട്ടി നിന്നവന്‍
 കണ്ണീരിഌള്ളില്‍ കിനാവ്‌ മോഹിച്ചവന്‍
ശബ്‌ദമില്ലാത്തവന്‍.....................................
നോവുമാത്മാവിന്റെ നേരറിവ്‌ പാടിക്കരയാന്‍ കൊതിച്ചവന്‍

കണ്‌ഠം നിറയുന്ന വാക്ക്‌ ചോദിയ്‌ക്കുന്നു
തൂലികത്തുമ്പിലെ ഭാഷ ചോദിയ്‌ക്കുന്നു
കാവ്യാംഗി കെട്ടിപ്പുണര്‍ന്നു ചോദിയ്‌ക്കുന്നു
മനനം നടത്തുന്ന ചിന്ത ചോദിയ്‌ക്കുന്നു
ശബ്‌ദം മരിച്ചുവോ..........................................
ഈശ്വരന്‍ കെട്ടാന്‍ മറന്നൊരീ തന്ത്രിയില്‍
ശബ്‌ദം മരിച്ചുവോ................................................

കവിത ചൊല്ലാന്‍ ക്ഷണിച്ചോരു സ്‌നേഹിതാ
ശ്രുതി പിഴച്ചതാണെന്റെ കവിതകള്‍
അകമെരിഞ്ഞു ഞാന്‍ പാടുന്ന നേരത്ത്‌
പരിഹസിയ്‌ക്കാതെ കേട്ടിരുന്നീടണം
 ശ്രുതിയറ്റതാണെന്റെ വാക്കുകളെങ്കിലും
നിസ്വ വര്‍ഗ്ഗത്തിന്റെ ശബ്‌ദമാണോര്‍ക്കണം
ഞാന്‍....................... ശബ്‌ദമില്ലാത്തവന്‍
പിറവിയില്‍തന്നെ ശബ്‌ദസംഗീതം പിഴച്ചവന്‍
കണ്‌ഠത്തില്‍ വാക്ക്‌ കുരുങ്ങിപ്പിടയുവോന്‍
പരിഹാസ ശരമാരിയേറ്റ്‌ കുഴഞ്ഞവന്‍
ഞാന്‍....................... ശബ്‌ദം പിഴച്ചവന്‍

ആദിച്ചനല്ലൂര്‍
18-10-2011

All rights reserved. © 2008-2010, Silpa Team

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ