2010, ഫെബ്രുവരി 27, ശനിയാഴ്‌ച

സുഹൃത്ത്

സുഹൃത്തേ............
ഏകാന്തപഥികനാമെന്‍വഴിത്താരയില്‍
വഴി തെറ്റി വന്നെന്നെ ഞെട്ടിച്ചതെന്തിന്‌
ക്ഷീരം പെരുക്കുമകിടിന്‍ചുവട്ടിലും
രുധിരം മണത്തു നടന്നതുമെന്തിന്‌
കദനഭാരമുരുക്കഴിച്ചീടുമ്പോള്‍
കഥകള്‍ ചൊല്ലി ചിരിപ്പിച്ചതെന്തിന്‌
വ്യസന ചിന്തകള്‍ നൃത്തം ചവിട്ടുമ്പോള്‍
താളമിട്ടെന്നെ കരയിച്ചതെന്തിന്‌
കവിതയെന്നെ പുണരാനൊരുങ്ങുമ്പോള്‍
സര്‍പ്പമായ്‌ പത്തി വിടര്‍ത്തിയതെന്തിന്‌ 
എന്നില്‍ വിടരും സുഗന്ധസൂനങ്ങളെ
മൊഴിയമ്പു കൊണ്ട്‌ കശക്കിയതെന്തിന്‌

സുഹൃത്തേ............
അറിക ഞാനിന്നൊരപഥ സഞ്ചാരി
 അരികിലുള്ളതോ ചപല മോഹങ്ങള്‍
തപ്‌തജീവിതം കവിതയാക്കിയോന്‍
മുറിവിലെരിവായി നീറി നിന്നവന്‍
സ്‌നേഹ ഹംസം പിടഞ്ഞുവീണപ്പോഴും
ദേവദത്തന്‍ ചിരിച്ചു നിന്നപ്പോഴും
നോക്കിനില്‍ക്കുവാന്‍ മാത്രം കഴിഞ്ഞവന്‍
 വാക്കുമാത്രമിന്നായുധമായവന്‍

സുഹൃത്തേ............
ഞാന്‍ ജയിയ്‌ക്കുമ്പോള്‍ ചിരിയ്‌ക്കാഞ്ഞതെന്ത്‌
ഇടറി വീഴുമ്പോള്‍ ചിരിയ്‌ക്കുന്നതെന്ത്‌
കദനമെന്‍ കരളിലായ്‌ കണ്ണീരൊഴുക്കുമ്പോള്‍
മൗനമായെന്മുന്നില്‍ നിറയുന്നതെന്ത്‌
എന്‍ഭാവചിന്തകള്‍ ശില്‌പമായ്‌ മാറുമ്പോള്‍
എന്നുയിര്‌ നല്‍കി ഞാഌണ്മയായ്‌ നിറയുമ്പോള്‍
എന്നില്‍ കരുത്തായി നിറയാത്തതെന്ത്‌
ഒരു കൊടുങ്കാറ്റായി നിറയുന്നതെന്ത്‌

സുഹൃത്തേ............
അറിക നീ അറിയാതെ എന്മുന്നില്‍ വന്നവന്‍
എന്‍ വഴിത്താരയില്‍ വഴിതെറ്റി വന്നവന്‍
എങ്കിലും............
ചിരിയായി നിറയുമെന്നാശിച്ചു പോയിവന്‍
എന്നില്‍ കരുത്തായി മാറുമെന്നോര്‍ത്തിവന്‍
മൗനിയായ്‌ മാറിനീയൂറിച്ചിരിയ്‌ക്കവേ ഇപ്പൊഴും
നീയെന്‍ സുഹൃത്താണ്‌ സത്യം

ആദിച്ചനല്ലൂര്‍
17-03-2009