2012, ജൂലൈ 27, വെള്ളിയാഴ്‌ച

ജാതകം

മകനേ............ ഇതച്ഛന്റെ ജാതകം
രാശിചക്രം പിഴച്ചോരു ജാതകം
നീചരാശികള്‍ തീര്‍ത്തോരു ജാതകം
ഞാന്‍ തിരുത്തിക്കുറിയ്‌ക്കുന്നീ ജാതകം
 മകനേ ഇതച്ഛന്റെ ജാതകം

മകനേ ശപിയ്‌ക്കരുത്‌
എന്നെ വെറുക്കരുത്‌
ഒരു കയര്‍ത്തുമ്പിലെന്‍ ജീവനൊടുങ്ങുമ്പോള്‍
ഹൃദയം തകര്‍ന്ന്‌ നിന്നമ്മ വിളിയ്‌ക്കുമ്പോള്‍
മകനേ ശപിയ്‌ക്കരുത്‌ പാപിയാമച്ഛനെ

അമ്മേ ക്ഷമിയ്‌ക്കുക പാപിയാണീമകന്‍
എന്നും നിനക്കൊരു നീറ്റലായ്‌ തീര്‍ന്നവന്‍
എല്ലാം പിഴച്ചു ഞാന്‍ തൊട്ടതിലൊക്കെയും
കരയിച്ചു ഞാനെന്നെ സ്‌നേഹിച്ച തോഴരെ
 അസുരവിത്തായ്‌ നിന്‍ വയറ്റില്‍ പതിച്ചന്നു
തൊട്ടേ തുടങ്ങിയതാണീ കൊടും യാത്ര
എന്തപരാധങ്ങള്‍ പരിഹാസവാക്കുകള്‍
എല്ലാം സഹിച്ചു ഇനി ഞാന്‍ മടങ്ങുന്നു.

 മല്‍പ്രാണപ്രയസി മാപ്പെനിയ്‌ക്കേകുക
കരയിച്ചതേയുള്ളു ലഹരിതന്‍ഌരയില്‍ ഞാന്‍
 അഗ്നിസാക്ഷിയായ്‌ എന്‍ നരക വീഥിയില്‍
 വലതുകാല്‍ വച്ചു കയറി നീയെങ്കിലും
 നിന്‍ കണ്ണുനീരുപ്പ്‌ രുചിച്ചു ഞാനെന്നും
ചിരിച്ചതേയുള്ളൂ മറക്കുകീയോര്‍മ്മകള്‍

മല്‍പ്രാണ സോദരാ എന്തു പറഞ്ഞിടും
കരയിച്ചതേയുള്ളു നിന്നെയും ഞാനഹോ
ദുരതന്‍ തമസ്സാല്‍ നിറഞ്ഞൊരീ വീഥിയില്‍
ദീപമായ്‌ കത്തിയുരുകി നീയെങ്കിലും
നിന്‍ പുണ്യജീവിതം കണ്ണീരില്‍ മൂടവേ
അതു നോക്കിയെന്നും ചിരിച്ചതേയുള്ളൂ ഞാന്‍

 അമ്മേ ക്ഷമിയ്‌ക്കുക ഹൃദയം തപിയ്‌ക്കുന്നു
 നിന്നേയും കരയിച്ചതേയുള്ളു ഞാനെന്നും
ആറടി മണ്ണിലായ്‌ നീ ലയിച്ചീടുമ്പോള്‍
ഈറഌടുത്ത്‌ കൈ കൂപ്പി നില്‌ക്കേണ്ടവന്‍
നിന്‍ ചിതാ ഭസ്‌മം ശിരസ്സിലേറ്റേണ്ടവന്‍
നിനക്കായുദകക്രിയ നടത്തേണ്ടവന്‍
ബലിച്ചോര്‍ ഉരുള ഉരുട്ടിത്തരേണ്ടവന്‍
കൈ കൊട്ടി ഉണ്ണാന്‍ വിളിച്ചു നില്‌ക്കേണ്ടവന്‍
 ഒരുബലിയായിതാ നിന്‍മുന്നില്‍ നില്‌ക്കുന്നു.
 എന്‍ പാപ ജീവിതം ഈ ചിതയിലെരിയട്ടെ

മകനേ...............................
മകനേ ഇതച്ഛന്റെ ജാതകം
രാശിചക്രം പിഴച്ചോരു ജാതകം
നീചരാശികള്‍ തീര്‍ത്തോരു ജാതകം
ഞാന്‍ തിരുത്തിക്കുറിയ്‌ക്കുന്നീ ജാതകം

എന്‍ചിതക്കൂനയില്‍ കൊള്ളി നീ വയ്‌ക്കുമ്പോള്‍
നിന്‍കൈ വിറയ്‌ക്കരുത്‌ പൊട്ടിക്കരയരുത്‌
അഗ്നി നാളങ്ങളെന്‍ ദേഹം വിഴുങ്ങുമ്പോള്‍
മകനേ കരയരുത്‌ ചുണ്ട്‌ വിതുമ്പരുത്‌
ഈറഌടുത്തെന്‍ ചിതാഗ്നി വലം വച്ച്‌
നീര്‍ക്കുടമുടയ്‌ക്കുമ്പോള്‍ എന്നെ മറക്കുക
മകനേ ക്ഷമിയ്‌ക്കുക ഇതച്ഛന്റെ ജാതകം
 എന്‍ പാപ ജീവിതം ഈ ചിതയിലെരിയട്ടെ

ആദിച്ചനല്ലൂര്‍
24-01-2008

All rights reserved. © 2008-2010, Silpa Team

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ