2012, ജൂലൈ 27, വെള്ളിയാഴ്‌ച

ഇനി എന്റെ നന്ദി

വിട ചൊല്ലിപ്പിരിയുവാന്‍ നേരമായി
മറുവാക്കു ചൊല്ലി കരഞ്ഞിടല്ലേ
പിരിയുമീ നേരത്ത്‌ വാക്കുകള്‍ക്കാകുമോ
നോവും ഹൃദയത്തില്‍ മഞ്ഞു പെയ്യാന്‍
എങ്കിലും കവിതയായ്‌ ഉറ പൊട്ടിയൊഴുകട്ടെ
എന്നാത്മ വേദന എന്‍ ഹൃദയ നൊമ്പരം

ഓര്‍ക്കുന്നുവോ സഖേ അഞ്ചു സംവത്സരം
പോരാടി നമ്മള്‍ കഴിഞ്ഞോരു നാളുകള്‍
നാടാകെ ഓടി നടന്നു നാം ചെയ്‌തോരു
പുണ്യഫലങ്ങളെ കാണുന്നുവോ സഖേ
നഷ്‌ടസ്വപ്‌നങ്ങളില്‍ വ്യര്‍ത്ഥമാം ജീവിതം
തന്ത്രി തകര്‍ന്നൊരു വീണയായ്‌ മാറവേ
ശ്രുതിയറ്റ പാട്ടുമായ്‌ ചിറകറ്റ പക്ഷികള്‍
കണ്‍മുന്നില്‍ എത്ര കടന്നു പോയി

ഓര്‍ക്കുന്നുവോ സഖേ അഞ്ചു സംവത്സരം
നാടിന്‍ വിളക്കായ്‌ എരിഞ്ഞു നാം നിന്നതും
നാടിന്‍ വികസനം മന്ത്രമായ്‌ ചെല്ലി നാം
പോരാളിയായി പിണങ്ങി പിരിഞ്ഞതും
പിന്നെ നാം ഒന്നായി ചേര്‍ന്നു ചിരിച്ചതും
ഓര്‍ക്കുന്നുവോ സഖേ അഞ്ചു സംവത്സരം

 ഓര്‍ക്കുന്നുവോ സഖേ അഞ്ചു സംവത്സരം
പോരാടി നമ്മള്‍ കഴിഞ്ഞോരു നാളുകള്‍
പല കൊടിക്കീഴില്‍ നാം അണിനിരന്നപ്പോഴും
 കൊടി നിറം നോക്കി ജ്വലിച്ചു നിന്നപ്പോഴും
അറിയാതെ ഒരു കൊച്ചു നൊമ്പര പ്പൂവായി
വിങ്ങിയില്ലേ മനം ഇടറിയില്ലേ സ്വരം

ഇനിയെന്റെ നന്ദി
ഇനിയെന്റെ നന്ദിയീയെന്നെ ഞാനാക്കിയ
 എന്നില്‍ കരുത്തായി നിറവായി മാറിയ
എന്റെ സ്വപ്‌നങ്ങള്‍ക്ക്‌ വര്‍ണ്ണങ്ങള്‍ നല്‍കിയ
 പതിതരെ നിങ്ങള്‍ക്കായെന്റെ നന്ദി

ഇനിയെന്റെ നന്ദി
ഇനിയെന്റെ നന്ദിയീയെന്നെ കുരിശ്ശേറ്റാന്‍
എന്നിലൊരു നോവായി വ്യഥയായി മാറിയ
കൊടി നിറം നോക്കിയെന്‍ സ്വപ്‌നമോഹങ്ങളെ
 ചിതയിലെറിഞ്ഞോരു സ്‌നേഹിതാ നന്ദി
ഇനിയെന്റെ നന്ദിയീയെന്നെ ഞാനാക്കിയ
 പതിതരെ നിങ്ങള്‍ക്കായെന്റെ നന്ദി

ചാത്തന്നൂര്‍
04-10-2010അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ