2012, ജൂലൈ 31, ചൊവ്വാഴ്ച

വരിക നീ വാമനാ

വന്നു ഞാന്‍ വാമനാ വീണ്ടുമെന്‍ മണ്ണിലായ്‌
സങ്കടതീയിലായ്‌ ഉരുകി ഞാന്‍ നില്‌ക്കുന്നു.
ഓണത്തിനെത്താന്‍ വരം തന്നതല്ലയോ
ഓണത്തിനെത്താതിരിയ്‌ക്കുന്നതെങ്ങനെ..
കാണരുതാത്തതാം കാഴ്‌ചകള്‍ കാണുവാന്‍
എന്തിന്‌ നീയിതു തന്നു മഹാപ്രഭോ

രാഷ്‌ട്രീയ കോമര തെയ്യങ്ങളാടുന്നു.
കട്ടുമുടിക്കയാണമ്മയാം നാടിനെ
മണ്ണിനെ പൊന്നാക്കി അന്നം വിളമ്പിയ
മണ്ണിന്റെ മക്കള്‍ തന്‍ ചോരയും വറ്റിയോ
പാടം മരിച്ചെന്റെ പുഴയും മരിച്ചു
കതിരു കൊത്താന്‍ വരും കിളിയും മരിച്ചു.
മുറ്റത്തെ വൈയ്‌ക്കോല്‍ മിനാരം മരിച്ചു
പുള്ളുവന്‍ പാട്ടിന്റെ ഈണം മരിച്ചു.
ഓണത്തിനെത്തും പൂത്തുമ്പി മരിച്ചു
ഓണനിലാവിന്റെ ചന്തം മരിച്ചു
തുമ്പ മരിച്ചു മുക്കുറ്റി മരിച്ചു
തെറ്റിയും കനകാംബരവും മരിച്ചു
നീ തന്ന വരവും തിരിച്ചെടുത്തീടുക
മലയാളമണ്ണുപേക്ഷിച്ചു ഞാന്‍ പോകുന്നു.

പൂക്കളം തീര്‍ക്കുവാന്‍ പൂ തേടി അലയുന്ന
പുഞ്ചിരിപ്പൂവിന്റെ ബാല്യം ഇല്ല
കയ്യാല്‍ മുഖം പൊത്തി നാണിച്ചു നില്‍ക്കുന്ന
പ്രണയഭാവങ്ങളും ബാക്കിയില്ല
ഊഞ്ഞാലിലാടി ചിരിച്ചു രസിയ്‌ക്കുന്ന
താരുണ്യ ഭാവങ്ങള്‍ മാഞ്ഞു പോയി
വൃദ്ധസദനത്തിന്‍ ചുവരുകള്‍ക്കുള്ളിലായ്‌
വിങ്ങിപ്പിടയുന്നു അമ്മഹൃദയങ്ങള്‍
നായ്‌ക്കൂട്ടിനുള്ളിലെ ചങ്ങലപ്പൂട്ടിലായ്‌
മറ്റൊരു നായയായച്ഛന്‍ ചിരിയ്‌ക്കുന്നു

ബിവറേജ്‌ ഷോപ്പിന്റെ ക്യൂവിനു മുന്നിലായ്‌
ദാഹിച്ചു നില്‍ക്കുന്നു പുത്തന്‍ തലമുറ
ഓണം പിറന്നാലും അമ്മ മരിച്ചാലും
ആഘോഷമാണൊരു പെഗ്ഗ്‌ വേണം
ചോരയില്‍ മുങ്ങിപ്പിടയും സുഹൃത്തിന്റെ
ചിത്രം പകര്‍ത്തുന്നു കണ്ടു രസിക്കുവാന്‍
പീഢനം വാണിഭം മാതാവിനെ പോലും
വിറ്റു ചിരിയ്‌ക്കുന്നു പുത്തന്‍ തലമുറ
വെട്ടുവാന്‍ കൊല്ലുവാന്‍ ചോര രുചിയ്‌ക്കുവാന്‍
ഉയരുന്നു കയ്യുകള്‍ ഉഴറുന്നു നാവുകള്‍

ഇനി വയ്യ വാമനാ വയ്‌ക്കെന്‍ ശിരസ്സിലായ്‌
തവ പാദ പങ്കജം അലിയട്ടെ മണ്ണില്‍ ഞാന്‍
നീ തന്ന വരവും തിരിച്ചെടുത്തീടുക
മലയാളമണ്ണുപേക്ഷിച്ചു ഞാന്‍ പോകുന്നു.
കാണരുതാത്തതാം കാഴ്‌ചകള്‍ കാണുവാന്‍
വീണ്ടും വരില്ല ഞാന്‍ മാവേലിയായിനി

1 അഭിപ്രായം: